Monday 18 August 2014

മകൾക്ക്

മകളേ നീ ക്ഷമിക്കുക....

നിന്റെ നിറകണ്ണുകൾ എന്നെ വേട്ടയാടുന്നു....
നിന്റെ ഗത്ഗദം ഞാൻ എന്നിലേക്കെടുക്കുന്നു....
നിന്റെ നിശബ്ദ്ത എന്റെ ഹൃദയം പിളർക്കുന്നു...
നീയറിയുക ഞാൻ നിന്നെ വാനോളം സ്നേഹിച്ചിരുന്നെന്ന്...

നിന്റെ നുണക്കുഴികളിൽ വീണ്ടുമെനിക്ക് ചുംബിക്കണം......
നിന്നെ മാറോട് ചേർത്ത് പുണരേണം....
നിന്റെ ഓമനക്കൈകളിൽ കുപ്പിവളകളിടേണം...
നിനക്കായ് കാത്തുവച്ച ചെമ്പുപാദസരം നിന്റെ കുഞ്ഞിക്കാൽകളിൽ കാണേണം...

മകളേ നീ ക്ഷമിക്കുക....

നഷ്ടമാക്കിയ ഓരോ നൽനിമിഷങ്ങളെയുമോർത്ത്...
ഇനിയവയെന്നു തിരിച്ചുവരും......
നിന്റെ പാതിമയങ്ങിയ കണ്ണുകളിൽ ഞാനെന്റെ ചുണ്ടുകൾ ചേർക്കുന്നു...
നിന്റെ നനഞ്ഞ കൺപീലികളെ ഞാൻ എന്നിലേക്കെടുക്കുന്നു....
നിന്റെ നിശ്വാസത്തിലെ നന്മയെ ഞാൻ ആർത്തിയോടെ വിഴുങ്ങുന്നു...

മകളേ മാപ്പ്....

പാതിമെയ് മറന്നവൻ ഞാൻ...
നിന്റെയീ അച്ഛൻ....

നിലാവിന്റെ നാട്ടിൽ നിനക്കായ് ഊഞ്ഞാലൊരുക്കി കാത്തു നിൽക്കുന്നു ഞാൻ...
വരിക നീയെന്നിലേക്ക്....
നിന്റെ വളപ്പൊട്ടുകൾക്കിടെയിലേക്ക്....
നിനക്കായ് സ്വരൂപിച്ച മഞ്ചാടിക്കുരുക്കൂട്ടിലേക്ക്....
.
മകളേ...വരിക നീ വീണ്ടും...
മഴയായ്....കാറ്റായ്...ആതിരയായ്....

വ്രണിതമാം ഹൃദയത്തിൽ സംഗീതമില്ലിനിയൊട്ടും.....
നിന്നെയുറക്കാൻ നീലാംബരിയുമില്ല...
വരിക പുത്രീ....വീണ്ടുമെന്നനാഥത്വത്തിലേക്കോടി വരിക....
ചേർത്തുപിടിച്ചെൻ മൂർദ്ദാവിൽ ചുംബിക്കുക...
നിന്റെ ഓർമ്മകളിൽ സമാധിയാവട്ടെ ഞാൻ.......


Tuesday 12 August 2014

ഉറക്കം

വെളിച്ചമില്ലായ്മയുടെ തീരങ്ങളിൽ,
സ്വപ്നങ്ങൾക്കു വേണ്ടി ഞാൻ ചൂണ്ടയിടുകയായിരുന്നു...
കണ്ടു ഞാനവിടെ....
കബന്ധങ്ങൾ നിറഞ്ഞ രണഭൂമികൾ.....
മരുപ്പച്ച തേടിത്തോറ്റ പകലിരവുകൾ...
അതിനിടെയിൽ ഉറക്കത്തിനായ് ഞാൻ കരഞ്ഞു.....
ഉറങ്ങുവാനാവുന്നില്ല തെല്ലും...
ഉണർവ്വിന്റെ ഓരോ നൽനിമിഷങ്ങളിലും,
ഉറക്കത്തിനായ് ഞാൻ കൊതിച്ചു...
തിന്മയുടെ ഭ്രാന്തുകൾക്കിടെയിലും....,
നന്മയുടെ തീവ്രനിദ്രയ്ക്കായ് ഞാൻ പ്രാത്ഥിച്ചൂ..
ഇല്ല..
ഇനിയൊരിക്കലുമില്ല തെല്ലും....
സുന്ദരമായ സുഷുപ്തി തൻ നാളുകൾ...
വൈകിയെത്തിയ മനസ്താപത്തിനു പോലും
ഇല്ല നൽകുവാനാവില്ല നന്മതൻ സൽനിദ്ര.......


Tuesday 17 June 2014

ശാന്തിതീരം

മെഴുകുതിരി എരിയുകയാണ്......
രാവിൽ എന്റെ ഹൃദയവും.....
ഈ സായംസന്ധ്യയ്ക്ക് നമ്മുടെ പ്രണയത്തിന്റെ ഗന്ധം...
വിരഹത്തിന്റേയും.....
ഈ യാത്രകൾ പ്രണയത്തിന്റെ ഏദൻ തോപ്പിലേക്ക്...
വിരഹത്തിന്റെ ഗദ്സമൻ തോട്ടത്തിലേക്ക്....
ഒരുവേള......, 
ഈ യാത്രകൾ അവസാനിക്കുകയാണോ?......
ഒരിക്കലുമില്ല......
വഴികൾ അവസാനിക്കുന്നില്ലല്ലോ.....വഴിയാത്രക്കാരും.....
അതിനാൽ ഒന്നും അവസാനിക്കുന്നില്ലെന്ന് പ്രത്യാശിക്കാം....
എങ്കിലും ഉള്ളിലെ നൊമ്പരത്തിന്റെ ഞാണൊലി....?, 
അത് വേർപാടിന്റെയാണോ ....? 
എങ്കിലും സമാശ്വസിക്കാം.....
എന്തെന്നാൽ വഴി പോലും പിരിയുമ്പോൾ, 
വഴിയാത്രക്കാരായ നാമെങ്ങിനെ പിരിയാതിരിക്കും..
പിരിഞ്ഞുപോകുന്ന വഴികളിലൂടെ, 
ഭാരമുള്ള കാലുകൾ വലിച്ച് ഞാൻ വഴിതെറ്റി നടന്നപ്പോൾ, 
എവിടെയോ എന്റെ സ്വപ്നങ്ങൾ വീണുപോയിരുന്നു.....
എന്റെ മോഹങ്ങൾ കളഞ്ഞു പോയിരുന്നു....
ഒടുവിൽ എല്ലാ വഴികളും, 
പാപത്തിന്റേയും പാപമില്ലായ്മകളുടേയും കബന്ധങ്ങൾ താണ്ടി,
ശാന്തി തീരത്ത് എത്തി ഉടക്കിനിൽക്കുന്നു.....
ആരും ആരെയും കാത്തുനിൽക്കാത്ത ശാന്തി തീരം...
അവിടെ സ്വപ്നങ്ങളും, മോഹങ്ങളും സമാധിയാവുന്നു.......


Monday 16 June 2014

മരുഭൂമിയിലെ മഴ

മഴമേഘത്തോടൊപ്പം ഉരുണ്ടുകൂടിയത്,
ഗൃഹാതുരത്വത്തിന്റെ വിങ്ങലുകളായിരുന്നുവെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്....
കാരണം എനിക്ക് വല്ലാതെ ശ്വാസം മുട്ടിയിരുന്നു....
അകാരണമായ ഒരുൽക്കണ്ഠയാൽ മനം കനത്തിരുന്നു....
പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വിമ്മിഷ്ടത്തോടെ, 
കരച്ചിൽ എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്നിരുന്നു..
വാക്കുകൾ മുറിഞ്ഞ് എന്റെ ശബ്ദമിടറിയിരുന്നു....
പിന്നെ കണ്ണുകളിൽ പുകയും ഓർമ്മകളിൽ മഞ്ഞും നിറഞ്ഞിരുന്നു...
അസഹ്യമായ വേദനയോടെയാണ് മരുഭൂമിയിലെ മഴയെ ഞാൻ എതിരേറ്റത്...
ചുട്ടു പഴുത്ത മണൽക്കൂനകളിൽ കയറിനിന്നുകൊണ്ട്,  
ആ വേനൽമഴയെ ഞാൻ എന്നിലെക്കെടുത്തു....
പിന്നീടു ഞാൻ ഉറക്കെ കരഞ്ഞു.........
നന്മകൾ പെയ്തിറങ്ങിയ അമ്മയുടെ ഗന്ധമുള്ള നനുത്ത മണ്ണിനെയോർത്തു ഞാൻ കരഞ്ഞു......, ഇനിയെപ്പോഴാണ് ഞാൻ മുറ്റത്തെ ചാരുകസേരയിലിരുന്ന് മഴയെ കാണുക....
എന്റെ ചൂരൽ കട്ടിലിൽ കിടന്ന് ജനാലയിലൂടെ മഴയുടെ ആരവം കേൾക്കുക......
മുറ്റത്തെ പേരമരം കുലുക്കി മഴവെള്ളത്തിൽ കുളിക്കുക....
ചേമ്പിലയിൽ തങ്ങി നിൽക്കുന്ന പനിനീർ തുള്ളികളോട് കിന്നാരം പറയുക...
അയലത്തെ ആട്ടിൻ കുട്ടിയുമായി കണ്ണാരം കളിക്കുക.....
മഴ വീണ്ടും ഒരു “അൽ പ്രസോള“ മായി എന്നിൽ ആഴ്ന്നിറങ്ങുകയാണ്...
അത് എന്റെ ബോധമണ്ഡലത്തെ പിടിച്ചു കുലുക്കി, 
ഓർമ്മകളെയെടുത്തമ്മാനമാടി, 
സിരകളെ ഷോക്കടിപ്പിച്ചു കൊണ്ട് കടന്നു പോകുന്നു....
ഒടുവിൽ ഉറക്കമെന്ന സമാധിയിലേക്ക് എന്നെ നയിക്കുന്നു....
ഉറക്കത്തിൽ ഞാൻ മണ്ണു മണക്കുന്നു.....
ഉറക്കപ്പായയും കമ്പിളിയും ഉപേക്ഷിച്ച് വീണ്ടും ഞാൻ യാത്രയാവുന്നു...
മഴയുടെ നാട്ടിലേക്ക്....
നന്മയുടെ നാട്ടിലേക്ക്....
നനഞ്ഞ മണ്ണിന്റെ മാറിലേക്ക്.....


മറവി

മറവിയുടെ ആഴമില്ലാക്കടലിൽ, ഓർമ്മകൾക്കു വേണ്ടി നങ്കൂരമിട്ടിരിക്കുകയാണ് ഞാൻ.....
എന്നും, മറവിയൊരു നന്മയായ് വന്നെത്തുകയാണ് പതിവ്.....
പക്ഷേ..., ഇന്ന് മറവിയെ ഞാൻ ശപിക്കുന്നു....
എനിക്കെന്റെ ബാല്യം തിരിച്ചു വേണം..
എന്റെ കൌമാരവും..,നഷ്ടമായ യൌവ്വനവും എനിക്കു തിരിച്ചു വേണം...
അതിനായ് ഞാൻ മറവിയോട് മല്ലടിക്കുകയാണ്...
ഇനി ഓർമ്മയുടെ വസന്തം വന്നണയട്ടെ....
നനഞ്ഞ മണ്ണിന്റെ മാറിലേക്ക് വെയിലിന്റെ പൊൻ കിരണങ്ങൾ പോലെ
വന്നു നിറയട്ടെ....
ഓർമ്മയുടെ കിലുക്കാം പെട്ടിയിലെ മഞ്ചാടിക്കുരുകളെ ഞാൻ താലോലിക്കട്ടെ....


Sunday 15 June 2014

കാസർഗോഡ്കാരൻ സുഹൃത്തിന്....

ജോർജ് ബുഷിനേയും അയാളുടെ പരമ്പരയേയും അറിയാത്ത കാസർഗോഡ്കാരൻ മുതലാളിയ്ക്ക്....
നിന്റെ ചുക്കുകാപ്പി എനിക്കു നൽകിയ ചൂടിന് സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു....
നിന്റെ സുറുമയെഴുതാത്ത കണ്ണുകളിൽ എന്നോടുള്ള മമതയുണ്ടായിരുന്നു....
പച്ച രോമങ്ങൾ നിറഞ്ഞ നിന്റെ മുഖത്ത് പറയാൻ മറന്ന പഴമയുടെ ഓർമ്മകളുണ്ടായിരുന്നു...
ബ്രുട്ട് മണക്കുന്ന നിന്റെ വിരൽത്തുമ്പുകളിൽ സുരക്ഷിതത്വത്തിന്റെ ഉറപ്പുണ്ടായിരുന്നു....
സുഹൃത്തേ...നീയറിയുക.....
എന്റെ പിയനോ തുരുമ്പെടുത്തു പോയി....
കൊളാഷുകൾക്ക് നിറം മങ്ങി.....
പ്രണയലേഖനങ്ങൾക്ക് തീ പിടിച്ചു....
കവിതാ പുസ്തകങ്ങൾ ചിതലരിച്ചു പോയി....
ഞാൻ ദുരന്തങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു....
വലിയൊരു ദുരന്തത്തിന്റെ ഓർമ്മകൾ കവിതയായി എന്നിൽ നിറയുന്നു....
എന്റെ കണ്ണുകളിൽ മുള്ളുകൾ തറച്ചു....
ഉൾക്കണ്ണുകൾക്ക് പ്രകാശം നഷ്ടമായി.....
കണ്ണുകളിൽ ചിന്തിയ ചോര ആരോ ചെയ്ത പാപത്തിനു പരിഹാരം....
പ്രിയമുള്ളവനേ.... ഞാൻ തീർത്ഥാടനത്തിനു തയ്യാറെടുക്കുകയാണ്....
ഗംഗയിൽ സ്നാനം ചെയ്ത് പാപങ്ങൾ കഴുകണം.....
ഋഷികേശിലേയും ഹരിദ്വാരിലേയും ഗലികളിൽ ചരസ്സ് വലിച്ച് നടക്കണം....
കുടജാദ്രിയിൽ തപമാവണം....
മധുരയിലെ ഗോപസ്ത്രീകളെ കാണണം....
ഓരോ തവണ ഗംഗയിൽ മുങ്ങി നിവരുമ്പോഴും...,
ഇനിയും കഴുകപ്പെടാത്ത പാപക്കറകൾ ഉള്ളിൽ ബാക്കിയുണ്ടെന്ന തോന്നൽ എന്നെ കൂടുതൽ വിവശനാക്കുന്നു....
ഈ കറകൾ ആരോ ചെയ്ത പാപത്തിന്റെ ബാക്കിപത്രങ്ങൾ....
നീയറിയുക......,
നിന്റെ ഭക്ഷണശാലയിലെ തിരക്കുകൾക്കിടെയിലും നീ ഏകനാണെന്ന്...
അഭിസാരികകളും മേലാളന്മാരും തിങ്ങി നിൽക്കുന്ന നിന്റെ ഗലികളിലും നീ ഏകനാണ്....
പച്ചക്കളറടിച്ച നിന്റെ മാളികവീട്ടിലെ തിരക്കിനിടെയിലും നീ ഏകനാണ്.....
മരുന്നുകൾക്കും രോഗികൾക്കും ഇടയിൽ ഞാൻ ഏകനാവുന്നതു പോലെ.....
സുഹൃത്തേ...
ഏകാന്തത ഒന്നുമില്ലായ്മയാകുന്നു....
അത് വന്യമാണ്...
സ്വപ്നതുല്യമാണ്...
.മധുരതരമാണ്...
നീ ഏകാന്തതയെ പ്രേമിച്ച് തുടങ്ങുക......

സ്നേഹപൂർവ്വം.....

സുഹൃത്തേ.......
നീ കാറ്റിലെ സുഗന്ധമാകുന്നു....
മരുഭൂമിയിലെ കുളിർകാറ്റും...
രാവേറെയായി........
മഴ ഒരു വിതുമ്പലായി വന്നു നിറയുകയാണ്....
അത് കിന്നാരം പറയുവാനെന്നോണം എന്നിലേക്ക് പടർന്നു കയറുകയാണ്....
തണുപ്പ് പാദങ്ങളിലൂടെ അരിച്ചു കയറി മസ്തിഷ്കത്തെ പുൽകുന്നു....
മഴയിൽ കുതിർന്നു പോയ സ്വപ്നങ്ങൾ വീണ്ടും ഉണരുകയാണ്....
ഞാൻ ഉണരുകയാണ്...
എന്റെ സംഗീതം ഉണരുകയാണ്.....
എന്നിലെ സർവ്വ രോമകൂപങ്ങളും ഉണരുകയാണ്......
ദൂരെ നിന്റെ വിലാപങ്ങൾ മഴയിൽ വിക്ഷേപിക്കുക....
അവ കൊടുങ്കാറ്റായി...,കൊടുങ്കാറ്റു പെറ്റ ഇളങ്കാറ്റായി വന്നു നിറയട്ടേ...
എന്നിൽ നിറയട്ടേ.....
നീയറിയുക....
വസന്തവും ഗ്രീഷ്മവും വന്നു പോകും...
അതിൽ നിന്റെ ദു:ഖങ്ങൾ കലരും...
പടർന്നവസാനിക്കും....
നിന്റെ കണ്ണുകളും നാസോദ്വാരങ്ങളും പ്രകൃതിയ്ക്കു നൽകുക...
അവ നിന്നെ പ്രണയിക്കട്ടെ....
നിന്നെ പരിരംഭണം ചെയ്യട്ടെ......
സന്ദേശത്തിന്റെ പ്രാവുകളെ ഞാൻ അയച്ചിരുന്നു.....
ഇത്ര നാൾ അയക്കാതിരുന്നത്..,പ്രാവുകളോട് കിന്നാരം പറഞ്ഞ് തീരാതിരുന്നിട്ടാണ്....
ഇനി നീയവയെ സ്വീകരിക്കുക...
അവയുടെ ചുണ്ടിൽ നിന്നും എന്റെ സുഗന്ധം ഏറ്റു വാങ്ങുക....
എന്നിട്ടാകാശത്തേക്ക് പറത്തി വിടുക..