Monday 18 August 2014

മകൾക്ക്

മകളേ നീ ക്ഷമിക്കുക....

നിന്റെ നിറകണ്ണുകൾ എന്നെ വേട്ടയാടുന്നു....
നിന്റെ ഗത്ഗദം ഞാൻ എന്നിലേക്കെടുക്കുന്നു....
നിന്റെ നിശബ്ദ്ത എന്റെ ഹൃദയം പിളർക്കുന്നു...
നീയറിയുക ഞാൻ നിന്നെ വാനോളം സ്നേഹിച്ചിരുന്നെന്ന്...

നിന്റെ നുണക്കുഴികളിൽ വീണ്ടുമെനിക്ക് ചുംബിക്കണം......
നിന്നെ മാറോട് ചേർത്ത് പുണരേണം....
നിന്റെ ഓമനക്കൈകളിൽ കുപ്പിവളകളിടേണം...
നിനക്കായ് കാത്തുവച്ച ചെമ്പുപാദസരം നിന്റെ കുഞ്ഞിക്കാൽകളിൽ കാണേണം...

മകളേ നീ ക്ഷമിക്കുക....

നഷ്ടമാക്കിയ ഓരോ നൽനിമിഷങ്ങളെയുമോർത്ത്...
ഇനിയവയെന്നു തിരിച്ചുവരും......
നിന്റെ പാതിമയങ്ങിയ കണ്ണുകളിൽ ഞാനെന്റെ ചുണ്ടുകൾ ചേർക്കുന്നു...
നിന്റെ നനഞ്ഞ കൺപീലികളെ ഞാൻ എന്നിലേക്കെടുക്കുന്നു....
നിന്റെ നിശ്വാസത്തിലെ നന്മയെ ഞാൻ ആർത്തിയോടെ വിഴുങ്ങുന്നു...

മകളേ മാപ്പ്....

പാതിമെയ് മറന്നവൻ ഞാൻ...
നിന്റെയീ അച്ഛൻ....

നിലാവിന്റെ നാട്ടിൽ നിനക്കായ് ഊഞ്ഞാലൊരുക്കി കാത്തു നിൽക്കുന്നു ഞാൻ...
വരിക നീയെന്നിലേക്ക്....
നിന്റെ വളപ്പൊട്ടുകൾക്കിടെയിലേക്ക്....
നിനക്കായ് സ്വരൂപിച്ച മഞ്ചാടിക്കുരുക്കൂട്ടിലേക്ക്....
.
മകളേ...വരിക നീ വീണ്ടും...
മഴയായ്....കാറ്റായ്...ആതിരയായ്....

വ്രണിതമാം ഹൃദയത്തിൽ സംഗീതമില്ലിനിയൊട്ടും.....
നിന്നെയുറക്കാൻ നീലാംബരിയുമില്ല...
വരിക പുത്രീ....വീണ്ടുമെന്നനാഥത്വത്തിലേക്കോടി വരിക....
ചേർത്തുപിടിച്ചെൻ മൂർദ്ദാവിൽ ചുംബിക്കുക...
നിന്റെ ഓർമ്മകളിൽ സമാധിയാവട്ടെ ഞാൻ.......


Tuesday 12 August 2014

ഉറക്കം

വെളിച്ചമില്ലായ്മയുടെ തീരങ്ങളിൽ,
സ്വപ്നങ്ങൾക്കു വേണ്ടി ഞാൻ ചൂണ്ടയിടുകയായിരുന്നു...
കണ്ടു ഞാനവിടെ....
കബന്ധങ്ങൾ നിറഞ്ഞ രണഭൂമികൾ.....
മരുപ്പച്ച തേടിത്തോറ്റ പകലിരവുകൾ...
അതിനിടെയിൽ ഉറക്കത്തിനായ് ഞാൻ കരഞ്ഞു.....
ഉറങ്ങുവാനാവുന്നില്ല തെല്ലും...
ഉണർവ്വിന്റെ ഓരോ നൽനിമിഷങ്ങളിലും,
ഉറക്കത്തിനായ് ഞാൻ കൊതിച്ചു...
തിന്മയുടെ ഭ്രാന്തുകൾക്കിടെയിലും....,
നന്മയുടെ തീവ്രനിദ്രയ്ക്കായ് ഞാൻ പ്രാത്ഥിച്ചൂ..
ഇല്ല..
ഇനിയൊരിക്കലുമില്ല തെല്ലും....
സുന്ദരമായ സുഷുപ്തി തൻ നാളുകൾ...
വൈകിയെത്തിയ മനസ്താപത്തിനു പോലും
ഇല്ല നൽകുവാനാവില്ല നന്മതൻ സൽനിദ്ര.......