Monday 16 June 2014

മരുഭൂമിയിലെ മഴ

മഴമേഘത്തോടൊപ്പം ഉരുണ്ടുകൂടിയത്,
ഗൃഹാതുരത്വത്തിന്റെ വിങ്ങലുകളായിരുന്നുവെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്....
കാരണം എനിക്ക് വല്ലാതെ ശ്വാസം മുട്ടിയിരുന്നു....
അകാരണമായ ഒരുൽക്കണ്ഠയാൽ മനം കനത്തിരുന്നു....
പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വിമ്മിഷ്ടത്തോടെ, 
കരച്ചിൽ എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്നിരുന്നു..
വാക്കുകൾ മുറിഞ്ഞ് എന്റെ ശബ്ദമിടറിയിരുന്നു....
പിന്നെ കണ്ണുകളിൽ പുകയും ഓർമ്മകളിൽ മഞ്ഞും നിറഞ്ഞിരുന്നു...
അസഹ്യമായ വേദനയോടെയാണ് മരുഭൂമിയിലെ മഴയെ ഞാൻ എതിരേറ്റത്...
ചുട്ടു പഴുത്ത മണൽക്കൂനകളിൽ കയറിനിന്നുകൊണ്ട്,  
ആ വേനൽമഴയെ ഞാൻ എന്നിലെക്കെടുത്തു....
പിന്നീടു ഞാൻ ഉറക്കെ കരഞ്ഞു.........
നന്മകൾ പെയ്തിറങ്ങിയ അമ്മയുടെ ഗന്ധമുള്ള നനുത്ത മണ്ണിനെയോർത്തു ഞാൻ കരഞ്ഞു......, ഇനിയെപ്പോഴാണ് ഞാൻ മുറ്റത്തെ ചാരുകസേരയിലിരുന്ന് മഴയെ കാണുക....
എന്റെ ചൂരൽ കട്ടിലിൽ കിടന്ന് ജനാലയിലൂടെ മഴയുടെ ആരവം കേൾക്കുക......
മുറ്റത്തെ പേരമരം കുലുക്കി മഴവെള്ളത്തിൽ കുളിക്കുക....
ചേമ്പിലയിൽ തങ്ങി നിൽക്കുന്ന പനിനീർ തുള്ളികളോട് കിന്നാരം പറയുക...
അയലത്തെ ആട്ടിൻ കുട്ടിയുമായി കണ്ണാരം കളിക്കുക.....
മഴ വീണ്ടും ഒരു “അൽ പ്രസോള“ മായി എന്നിൽ ആഴ്ന്നിറങ്ങുകയാണ്...
അത് എന്റെ ബോധമണ്ഡലത്തെ പിടിച്ചു കുലുക്കി, 
ഓർമ്മകളെയെടുത്തമ്മാനമാടി, 
സിരകളെ ഷോക്കടിപ്പിച്ചു കൊണ്ട് കടന്നു പോകുന്നു....
ഒടുവിൽ ഉറക്കമെന്ന സമാധിയിലേക്ക് എന്നെ നയിക്കുന്നു....
ഉറക്കത്തിൽ ഞാൻ മണ്ണു മണക്കുന്നു.....
ഉറക്കപ്പായയും കമ്പിളിയും ഉപേക്ഷിച്ച് വീണ്ടും ഞാൻ യാത്രയാവുന്നു...
മഴയുടെ നാട്ടിലേക്ക്....
നന്മയുടെ നാട്ടിലേക്ക്....
നനഞ്ഞ മണ്ണിന്റെ മാറിലേക്ക്.....


No comments:

Post a Comment