Sunday 15 June 2014

കാസർഗോഡ്കാരൻ സുഹൃത്തിന്....

ജോർജ് ബുഷിനേയും അയാളുടെ പരമ്പരയേയും അറിയാത്ത കാസർഗോഡ്കാരൻ മുതലാളിയ്ക്ക്....
നിന്റെ ചുക്കുകാപ്പി എനിക്കു നൽകിയ ചൂടിന് സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു....
നിന്റെ സുറുമയെഴുതാത്ത കണ്ണുകളിൽ എന്നോടുള്ള മമതയുണ്ടായിരുന്നു....
പച്ച രോമങ്ങൾ നിറഞ്ഞ നിന്റെ മുഖത്ത് പറയാൻ മറന്ന പഴമയുടെ ഓർമ്മകളുണ്ടായിരുന്നു...
ബ്രുട്ട് മണക്കുന്ന നിന്റെ വിരൽത്തുമ്പുകളിൽ സുരക്ഷിതത്വത്തിന്റെ ഉറപ്പുണ്ടായിരുന്നു....
സുഹൃത്തേ...നീയറിയുക.....
എന്റെ പിയനോ തുരുമ്പെടുത്തു പോയി....
കൊളാഷുകൾക്ക് നിറം മങ്ങി.....
പ്രണയലേഖനങ്ങൾക്ക് തീ പിടിച്ചു....
കവിതാ പുസ്തകങ്ങൾ ചിതലരിച്ചു പോയി....
ഞാൻ ദുരന്തങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു....
വലിയൊരു ദുരന്തത്തിന്റെ ഓർമ്മകൾ കവിതയായി എന്നിൽ നിറയുന്നു....
എന്റെ കണ്ണുകളിൽ മുള്ളുകൾ തറച്ചു....
ഉൾക്കണ്ണുകൾക്ക് പ്രകാശം നഷ്ടമായി.....
കണ്ണുകളിൽ ചിന്തിയ ചോര ആരോ ചെയ്ത പാപത്തിനു പരിഹാരം....
പ്രിയമുള്ളവനേ.... ഞാൻ തീർത്ഥാടനത്തിനു തയ്യാറെടുക്കുകയാണ്....
ഗംഗയിൽ സ്നാനം ചെയ്ത് പാപങ്ങൾ കഴുകണം.....
ഋഷികേശിലേയും ഹരിദ്വാരിലേയും ഗലികളിൽ ചരസ്സ് വലിച്ച് നടക്കണം....
കുടജാദ്രിയിൽ തപമാവണം....
മധുരയിലെ ഗോപസ്ത്രീകളെ കാണണം....
ഓരോ തവണ ഗംഗയിൽ മുങ്ങി നിവരുമ്പോഴും...,
ഇനിയും കഴുകപ്പെടാത്ത പാപക്കറകൾ ഉള്ളിൽ ബാക്കിയുണ്ടെന്ന തോന്നൽ എന്നെ കൂടുതൽ വിവശനാക്കുന്നു....
ഈ കറകൾ ആരോ ചെയ്ത പാപത്തിന്റെ ബാക്കിപത്രങ്ങൾ....
നീയറിയുക......,
നിന്റെ ഭക്ഷണശാലയിലെ തിരക്കുകൾക്കിടെയിലും നീ ഏകനാണെന്ന്...
അഭിസാരികകളും മേലാളന്മാരും തിങ്ങി നിൽക്കുന്ന നിന്റെ ഗലികളിലും നീ ഏകനാണ്....
പച്ചക്കളറടിച്ച നിന്റെ മാളികവീട്ടിലെ തിരക്കിനിടെയിലും നീ ഏകനാണ്.....
മരുന്നുകൾക്കും രോഗികൾക്കും ഇടയിൽ ഞാൻ ഏകനാവുന്നതു പോലെ.....
സുഹൃത്തേ...
ഏകാന്തത ഒന്നുമില്ലായ്മയാകുന്നു....
അത് വന്യമാണ്...
സ്വപ്നതുല്യമാണ്...
.മധുരതരമാണ്...
നീ ഏകാന്തതയെ പ്രേമിച്ച് തുടങ്ങുക......

No comments:

Post a Comment